ലോകത്താകമാനം മനുഷ്യസമൂഹത്തിനുമേൽ കോവിഡ്-19 എന്ന മഹാമാരി കരിനിഴൽ വീഴ്ത്തിയിട്ട് രണ്ട് വർഷമാകുന്നു. കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ എണ്ണമറ്റ മനുഷ്യജീവനുകളാണ് നമുക്ക് നഷ്ടമായത്. പ്രതിരോധ വാക്സിൻ കുത്തിവെപ്പ് നമ്മുടെ രാജ്യത്ത് അഭിമാനാർഹമായ നിലയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും കോവിഡ് 19 വിവിധ വകഭേദങ്ങളിലൂടെ സൃഷ്ടിക്കുന്ന ആശങ്കകൾക്ക് ഇനിയും പരിഹാരമായിട്ടില്ല.
മഹാമാരിയുടെ രണ്ടാം തരംഗ കാലത്ത് വലിയ പ്രതിസന്ധി നേരിട്ട ഒരു കാര്യമായിരുന്നു രോഗം ബാധിച്ച് മരിച്ചവരുടെ സംസ്കാര കർമങ്ങൾ ഉറ്റവർക്ക് പോലും നിറവേറ്റാൻ കഴിയാതെ കാഴ്ചക്കാരായി നിൽക്കേണ്ടി വന്ന നിസ്സഹായാവസ്ഥ. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് സേവാഭാരതി ചിതാഗ്നി എന്ന പേരിൽ മൃതദേഹ സംസ്കാരത്തിനുള്ള പദ്ധതി ആരംഭിക്കുന്നത്. ഓരോ ജില്ലയിലും സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തകർ ഈ മഹാദൗത്യത്തിന് തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങുന്നത് മുതൽ സംസ്കാര കർമ്മങ്ങൾ പൂർത്തിയാക്കുന്നത് വരെയുള്ള എല്ലാ ചടങ്ങുകളും സന്നദ്ധപ്രവർത്തകരാണ് നിർവഹിക്കുന്നത്. ഇതിനോടകം നൂറുകണക്കിന് കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമായിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കേരളത്തിലെ എല്ലാ ജില്ലകളിലുമായി മുപ്പതോളം പുതിയ യൂണിറ്റുകൾ കൂടി പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
ചിതാഗ്നി പ്രവർത്തനത്തിന്റെ ഔപചാരികമായ ഉത്ഘാടനവും ഇടുക്കി മലപ്പുറം ജില്ലകളിലേക്ക് നൽകുന്ന നാല് ആംബുലൻസുകളുടെ താക്കോൽദാന കർമ്മവും ജനുവരി 23 (ഞായർ) രാവിലെ 9:30 ന് തൃശൂർ ഭാരതീയ വിദ്യാഭവൻ ആഡിറ്റോറിയത്തിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച്, രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശ്രീ. വിജയ് പുരാണിക് നിർവഹിക്കുന്നു.
ഈ മഹത്പ്രവൃത്തിയിൽ താങ്കൾക്കും പങ്കാളിയാകാം…